സിസ്റ്റർ അഭയ കേസിൽ ഇന്ന് വിധി: സിസ്റ്റർ സ്റ്റെഫിയും ഫാദർ തോമസ് കോട്ടൂരും കോടതിയിൽ എത്തി . വിധി 11 മണിയോടെ



രണ്ടര പതിറ്റാണ്ടിലേറെയായി അഭയ കേസ് മലയാളി മനസുകളില്‍ പലപ്പോഴായി മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട കൊലക്കേസില്‍ ഇന്ന്  കോടതി വിധി പറയുകയാണ്. കേരള പൊലീസും ക്രൈം ബ്രാഞ്ചും സിബിഐയുമെല്ലാം അന്വേഷിച്ച കേസില്‍ ഏറെ നാള്‍ നീണ്ട വ്യവഹാരങ്ങള്‍ക്കൊടുവില്‍ കോടതി വിധി പറയുമ്ബോള്‍ കേസിന്റെ നാള്‍വഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം.

1992 മാര്‍ച്ച്‌ 27 - കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നു. ഇതേ കോണ്‍വെന്റില്‍ അന്തേവാസിയും ബിസിഎം കോളെജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായിരുന്നു സിസ്റ്റര്‍.1992 മാര്‍ച്ച്‌ 31 - മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണവും ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗന്‍സില്‍ രൂപീകരിച്ചു.

1992 ഏപ്രില്‍ 14 - കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്നു.

1993 ജനുവരി 30 - സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച്.

1993 മാര്‍ച്ച്‌ 29 - കേസ് സിബിഐ ഏറ്റെടുക്കുന്നു. ഡിവൈഎസ്പി വര്‍ഗീസ് പി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെടുന്നത്.

1993 ഡിസംബര്‍ 30 - അന്വേഷണ തലവന്‍ വര്‍ഗീസ് പി തോമസ് രാജിവെച്ചു.

1994 മാര്‍ച്ച്‌ 17 - സിബിഐ ഫോറന്‍സിക് പരിശോധനയും ഡമ്മി പരിശോധനയും. മരണം കൊലപാതകം എന്നു കണ്ടെത്തല്‍.

1994 മാര്‍ച്ച്‌ 27 - മൂന്ന് മസങ്ങള്‍ക്ക് ശേഷം സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി വര്‍ഗീസ് പി തോമസ് വീണ്ടും രംഗത്തെത്തുന്നു. കേസ് ആത്മഹത്യയാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ എസ്‌പി തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി വര്‍ഗീസ് വെളിപ്പെടുത്തി.

1994 ജൂണ്‍ 2 - സിബിഐ പ്രത്യേക സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തുന്നു.

1996 ഡിസംബര്‍ 6 - തുമ്ബുണ്ടാക്കാന്‍ കഴിയില്ലെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍.

1997 ജനുവരി 18- സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഭയയുടെ പിതാവ് ഹര്‍ജി നല്‍കി.

1997 മാര്‍ച്ച്‌ 20 - പുനരന്വേഷണത്തിന് എറണാകുളം സിജെഎം കോടതി ഉത്തരവിട്ടു.

1999 ജൂലൈ 12- കൊലപാതകമെന്ന് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട്. നിര്‍ണായക തെളിവുകളെല്ലാം പോലീസ് നശിപ്പിച്ചതിനാല്‍ പ്രതികളെ പിടിക്കാനായില്ലെന്നും വാദം.

2000 ജൂണ്‍ 23 - സിബിഐ ഹര്‍ജി സിജെഎം കോടതി തള്ളി. കേസില്‍ സത്യം പുറത്തുകൊണ്ടുവരണമെന്ന ആഗ്രഹത്തോടെയല്ലായിരുന്നു സിബിഐയുടെ അന്വേഷണമെന്ന് കോടതി നിരീക്ഷിച്ചു.

2001 മേയ് 18- പുനരന്വേഷണത്തിന് പുതിയ ടീമിനെ നിയമിക്കാന്‍ സിബിഐയ്ക്ക് കോടതി നിര്‍ദ്ദേശം. ബ്രെയ്ന്‍ ഫിംഗര്‍ പ്രിന്റിംഗ് അടക്കം നൂതന കുറ്റാന്വേഷണ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും ഉത്തരവ്.

2001 ഓഗസ്റ്റ് 16: സി.ബി.ഐ ഡി.ഐ.ജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണം ആരംഭിച്ചു.

2005 ഓഗസ്റ്റ് 21- കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ മൂന്നാം തവണയും അപേക്ഷ നല്‍കി.

2006 ഓഗസ്റ്റ് 30 -സിബിഐ ആവശ്യം കോടതി നിരസിച്ചു.

2007മേയ് 22- ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നതായി തുരുവനന്തപുരം സി.ജെ.എം കോടതി.

2007 ജൂണ്‍ 11 - കേസ് അന്വേഷണം പുതിയ സിബിഐ സംഘത്തിന്.

2008 നവംബര്‍ 18 - കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ്‌ പൂത്തൃക്കയിലും കസ്റ്റഡിയില്‍

2008 നവംബര്‍ 19 - കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി കസ്റ്റഡിയില്‍.

2008 നവംബര്‍ 24 - അഭയക്കേസ്‌ അന്വേഷിച്ച മുന്‍ എ.എസ്‌.ഐ വി.വി. അഗസ്‌റ്റിന്‍ ആത്മഹത്യ ചെയ്‌തു. ആത്മഹത്യാക്കുറിപ്പില്‍ സി.ബി.ഐ. മര്‍ദ്ദിച്ചതായി ആരോപണം.

2008 ഡിസംബര്‍ 29 - പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് തള്ളിക്കളയുന്നു.

2009 ജൂലൈ 17- സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

2011 മാര്‍ച്ച്‌ 16- വിചാരണ കൂടതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികളും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍

2014 മാര്‍ച്ച്‌ 19- തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് എസ്പി കെ ടി മൈക്കിള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി.

2015 ജൂണ്‍ 30- ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട്.

2018 ജനുവരി 22 - കേസില്‍ തെളിവു നശിപ്പിച്ച മുന്‍ ക്രൈം ബ്രാഞ്ച് എസ്‌പിക്കെതിരെ കേസ്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ.ടി.മൈക്കിളിനെതിരെയാണ് തിരുവനന്തപുരം സിബിഐ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

2018 ഫെബ്രുവരി 16- കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ തോമസ് എം.കോട്ടൂരും ഫാദര്‍ ജോസ് പുതൃക്കയിലും രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹനത്തില്‍ എത്തി കോണ്‍വെന്റിന്റെ മതില്‍ ചാടിക്കടക്കുന്നത് കണ്ടിട്ടുണ്ടെന്ന് കോണ്‍വെന്റിന് സമീപത്തെ പള്ളിയിലെ വാച്ചര്‍ ആയിരുന്ന ദാസ് എന്ന ചെല്ലമ്മ ദാസിന്റെ മൊഴി.

2018 മാര്‍ച്ച്‌ 07- കേസില്‍ ഫാ.ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു.

2019 ഏപ്രില്‍ 09- ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി.

2020 ഫെബ്രുവരി 03- പ്രതികളെ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരുടെ വിസ്താരം ഹൈക്കോടതി വിലക്കി. നാര്‍ക്കോ അനാലിസ് ഫലം പ്രതികള്‍ക്കെതിരായ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

2020 നവംബര്‍ 03- നിര്‍ണായക തെളിവുകളായിരുന്ന തൊണ്ടിമുതലുകള്‍ നശിപ്പിച്ചത് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കെ.സാമുവല്‍ ആണെന്ന് സിബിഐ.

അഭിപ്രായങ്ങള്‍