പൊലീസുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യും എന്ന കളക്ടറുടെ ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു
നെയ്യാറ്റിന്‍കര ദമ്പതികളുടെ ആത്മഹത്യയില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന കളക്ടറുടെ ഉറപ്പില്‍ നാട്ടുകാര്‍ പ്രതിഷേധം അവസാനിച്ചു. മരിച്ച രാജന്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍ പെടുത്തും. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ബാക്കി ആവശ്യങ്ങള്‍ തീരുമാനിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
അതേ സ്ഥലത്ത് തന്നെ വീടുവെച്ച് നല്‍കണം, മക്കള്‍ക്ക് സാമ്പത്തിക സഹായം ഒരാള്‍ക്ക് ജോലി, പരാതിക്കാരിയായ വസന്തയെ അറസ്റ്റ് ചെയ്യണം എന്നിവയാണ് മറ്റു ആവശ്യങ്ങള്‍.
കളക്ടറെ പൂര്‍ണമായും വിശ്വസിക്കുന്നെന്ന് രാജന്റെ മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയുമായി കൂടികാഴ്ച്ച നടത്തി. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച്ച. സംഭവം കൈകാര്യം ചെയ്ത രീതിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിക്ക് ഡിജിപി നേരിട്ട് റിപ്പോര്‍ട്ട് നല്‍കിയത്. 6.15ന് ആരംഭിച്ച കൂടിക്കാഴ്ച്ച ഒരു മണിക്കൂര്‍ നീണ്ടു. ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ഡിജിപി സംഭവത്തിന് ഇരുവശമുണ്ടെന്ന് ചൂണ്ടിക്കാട്ടി. എസ്.പിയുടെ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ഡിജിപി അറിയിച്ചു.
ഇതിനിടെ രാജന്റെ അയല്‍വാസിയും പരാതിക്കാരിയുമായ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ക്രമസമാധാനപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കസ്റ്റഡി. രാജന്റയും ഭാര്യയുടെയും ആത്മഹത്യയില്‍ നാട്ടുകാര്‍ ഒന്നാകെ വസന്തക്കെതിരെ തിരിഞ്ഞിരുന്നു. തുടര്‍ന്നാണ് പൊലീസിന്റെ നീക്കം. വസന്തയെ കസ്റ്റഡിയിലെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും വിഷയം മുതലെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് ഭൂമി വിട്ടുകൊടുക്കില്ലെന്നും വസന്ത പറഞ്ഞിരുന്നു. ഭൂമി വേറെ ആര്‍ക്കെങ്കിലും എഴുതി കൊടുക്കുമെന്നും എന്നാല്‍ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നുമാണ് വസന്ത പറത്. ”ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ല. ഭൂമി എന്റേതാണെന്ന് തെളിയിക്കും. നിയമത്തിന്റെ വഴിയിലൂടെയാണ് ഞാന്‍ പോയത്. ഒരു കുറ്റവും ചെയ്തിട്ടില്ല. കഴുത്ത് അറുത്താലും ഈ കുടുംബത്തിന് ഭൂമി നല്‍കില്ല. ഗുണ്ടായിസം കാണിച്ചാണ് ഇവര്‍ വസ്തു കൈക്കലാക്കിയത്. ഇങ്ങനെ ഗുണ്ടായിസം കാണിച്ചവരോട് ഒരു വിട്ടുവീഴ്ചയുമില്ല. മക്കള്‍ നല്‍കിയ പണം കൊണ്ടാണ് വസ്തു വാങ്ങിയത്. പാവപ്പെട്ട മറ്റാര്‍ക്ക് നല്‍കിയാലും ഇവര്‍ക്ക് ഭൂമി നല്‍കില്ല. പട്ടയം, ആധാരം എല്ലാം എന്റെ കയ്യിലുണ്ട്.”-വസന്ത പറഞ്ഞു.
അതേസമയം, രാജനെയും ഭാര്യ അമ്പിളിയെയും ഒഴിപ്പിക്കാന്‍ ശ്രമിച്ചത് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനു മുമ്പാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു. നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 21ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. 22-ാം തീയ്യതി ഉച്ചയോട് കൂടി കോടതി കേസ് പരിഗണിക്കുകയും നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് ജനുവരി 15 വരെ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ വിധി സ്റ്റേ ചെയ്തു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് ജനുവരി 15 ന് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു. എതിര്‍കക്ഷിയായ വസന്തയ്ക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റൂറല്‍ എസ്പിക്കാണ് അന്വേഷണച്ചുമതല. പൊലീസിന്റെ വീഴ്ച അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്. രാജന്റെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. അടിയന്തിര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ വീട് വെച്ചു നല്‍കുമെന്നും അറിയിച്ചു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ