ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്കായി സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപ്പൻഡിന് ജനുവരി 11 വരെ അപേക്ഷിക്കാം.കേരളത്തിൽ സർക്കാർ/സർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ലത്തീൻ ക്രിസ്ത്യൻ/പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളിലെ വിദ്യാർഥിനികൾക്കാണ് സ്കോളർഷിപ്പ്.ബിരുദപഠനത്തിന് 5000 രൂപവീതവും ബിരുദാനന്തരബിരുദത്തിന് 6000 രൂപവീതവും പ്രൊഫഷണൽ കോഴ്സിന് 7000 രൂപവീതവും ഹോസ്റ്റൽ സ്റ്റൈപ്പൻഡ് ഇനത്തിൽ 13,000 രൂപവീതവുമാണ് പ്രതിവർഷം സ്കോളർഷിപ്പ് നൽകുന്നത്. മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച് സ്വാശ്രയ മെഡിക്കൽ/ എൻജിനിയറിങ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.ഒരു വിദ്യാർഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപ്പൻഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിനാണ് അപേക്ഷിക്കാനാവുക. ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കുനേടിയിരിക്കണം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പൻഡിനായി അപേക്ഷിക്കാം.കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കുന്നത്. കുടുംബവാർഷികവരുമാനം എട്ടുലക്ഷം രൂപയിൽ കവിയരുത് (ബി.പി.എൽ.കാർക്ക് മുൻഗണന). അപേക്ഷകർക്ക് ഏതെങ്കിലും ദേശസാത്‌കൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ടുണ്ടായിരിക്കണം.വിവരങ്ങൾക്ക്: 0471-2300524, www.minoritywelfare.kerala.gov.in.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ