കോശങ്ങളെ തിന്നു തീര്‍ക്കുന്ന പൂപ്പല്‍ ; ഭീതി പരത്തി മ്യൂക്കര്‍മൈക്കോസിസ് രോഗം കേരളത്തിലും


കോശങ്ങള്‍ തിന്നു തീര്‍ക്കുന്ന പൂപ്പല്‍ രോഗം മ്യൂക്കര്‍മൈക്കോസിസ് കേരളത്തിലും . കോട്ടയത്ത് ഒരാള്‍ മരിച്ചതോടെയാണ് അപൂര്‍വ്വമായ ഈ ഫംഗസ് രോഗം ആശങ്ക പരത്തുന്നത് . ഇത്തരം ഫം​ഗസ് ബാധയെ തുടര്‍ന്ന് പത്തോളം പേ‍ര്‍ മരിച്ചതായാണ് കണക്ക്. അഹമ്മദാബാദില്‍ 44 പേര്‍ക്കും, ഡല്‍ഹിയില്‍ 13 പേര്‍ക്കും ഫംഗസ് ബാധയേറ്റു. കാഴ്ചശക്തി നഷ്ടമായതുള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ബാധിച്ചവരും ഏറെയാണ്.


കൊറോണ മുക്തി നേടിയ ആളിന്റെ താടിയെല്ലിനു ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയവയ്ക്കു ചികിത്സ തേടിയവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ തുടങ്ങിയവര്‍ ഫംഗസ് പിടിപെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍പെടുന്നു എന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.കൊറോണ പോസിറ്റീവ് ആകുന്നവരിലെ സ്റ്റിറോയ്ഡ് ഉപയോഗമാണ് മ്യൂക്കര്‍മൈക്കോസിസ് ബാധിക്കാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത് . ഇത് പ്രതിരോധ ശേഷി ഇല്ലാതാക്കുന്നു. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരും 'ഹൈ റിസ്ക്' വിഭാഗത്തിലാണ്. ആരോഗ്യമുള്ളവരില്‍ സാധാരണ ഗതിയില്‍ ഈ രോഗം കാണാറില്ല. അപകടത്തില്‍ കോശങ്ങള്‍ ചതഞ്ഞ് പോകുന്ന അവസ്ഥയില്‍ എത്തിയവര്‍‌ക്കും ഇത്തരത്തില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്.


ശരീരത്തിലെ രോഗ പ്രതിരോധ ശേഷി നഷ്ടപ്പെടുന്ന അവസ്ഥയില്‍ ഇതു കോശങ്ങളെ ബാധിക്കുമ്ബോഴാണ് അപകടമുണ്ടാക്കുന്നത്. കോശങ്ങളെ പൂപ്പല്‍ തിന്നു തീര്‍ക്കുന്നു. യഥാസമയം രോഗം കണ്ടെത്തി, ചികിത്സ തുടങ്ങിയില്ലെങ്കില്‍ മരണ കാരണം വരെയാകാറുണ്ട് മ്യൂക്കര്‍മൈക്കോസിസ്. തലച്ചോറിനെയും ശ്വാസകോശത്തേയും ബാധിച്ചാല്‍ രോഗം ഗുരുതരമാകുന്നു.


മസ്തിഷ്കം, തലയോട്ടിക്കുള്ളിലെ അറകള്‍, ശ്വാസകോശം എന്നിവയെയാണ് മ്യൂക്കര്‍മൈക്കോസിസ് പ്രധാനമായി ബാധിക്കുക. ഏത് അവയവത്തെയാണോ ബാധിച്ചത് എന്നത് അനുസരിച്ച്‌ രോഗലക്ഷണങ്ങളും മാറും. മുഖത്തെ ഒരുഭാഗത്തു തടിച്ചു നീരുവരിക, പനി, തലവേദന തുടങ്ങിയവയാണു പൊതുവായ ലക്ഷണങ്ങള്‍.


രോഗബാധയുണ്ടായാല്‍ ശരീരത്തിലെ ഒരു പ്രദേശത്ത് ആകെ ബാധിക്കും. ഇതു വേഗത്തില്‍ പടരുകയും കോശങ്ങളെ ജീര്‍ണിപ്പിക്കുകയും ചെയ്യും. രക്തധമനികളില്‍ ബാധിക്കുന്നതോടെ ശരീരത്തിന്റെ ആ ഭാഗത്തേക്ക് രക്തയോട്ടം ഇല്ലാതാകും. ശരീരത്തില്‍ കുത്തിവയ്ക്കുന്ന മരുന്ന് മറ്റു ഭാഗത്തേക്ക് എത്തുന്നതു പോലും ഇതു തടയും.


വേഗത്തില്‍ കണ്ടെത്തുകയും മറ്റ് ഭാഗങ്ങളിലേക്ക് പകരുന്നതിനു മുന്‍പ് ചികിത്സ ആരംഭിക്കുകയും ചെയ്യുകയാണ് പ്രധാനം. ക്യാന്‍സര്‍ ചികിത്സ പോലെ ഫംഗസ് ബാധിച്ച കോശങ്ങളെ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ കൂടുതല്‍ പ്രദേശത്തേക്ക് ബാധിച്ചാല്‍ ചികിത്സയ്ക്ക് പരിമിതിയുമുണ്ടാകും

അഭിപ്രായങ്ങള്‍