മദ്യവില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി; ലിറ്ററിന് കുറഞ്ഞത് നൂറ് രൂപയുടെ വര്‍ദ്ധനവുണ്ടാകും




സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്‌ണന്‍. അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വില വര്‍ദ്ധനയെന്ന് നിര്‍ദേശമാണിപ്പോള്‍ കിട്ടിയിട്ടുളളതെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിവറേജസ് കോര്‍പറേഷനെടുക്കും. അസംസ്‌കൃത വസ്‌തുക്കളുടെ വില കൂടിയ സാഹചര്യത്തിലാണ് പുതിയ നീക്കമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.


മദ്യവിലയുടെ കാര്യത്തില്‍ ബെവ്കോയുടെ തീരുമാനം ഉടന്‍ അംഗീകരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്കോ ഡയറ‌ക്‌ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുളള അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ദ്ധനക്ക് തീരുമാനമെടുത്തത്.നയപരമായ കാര്യമായതിനാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടിരിക്കുകയാണ്. ആനുപാതിക നികുതി വര്‍ദ്ധന കണക്കിലെടുക്കുമ്ബോള്‍ ലിറ്ററിന് കുറഞ്ഞത് 100 രൂപയുടെ വര്‍ദ്ധനവുണ്ടാകും. ഇതും ഉപഭോക്താവ് വഹിക്കേണ്ടി വരും.


ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വര്‍ദ്ധന ഉറപ്പായിരിക്കുകയാണ്. മദ്യം ഉത്പാദിപ്പിക്കുന്നതിനുളള എക്‌സ്‌ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുളള കരാര്‍ ഉറപ്പിക്കുന്നത്.


സ്‌പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെന്‍ഡറനുസരിച്ചാണ് ഇപ്പോഴും ബെവ്കോക്ക് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്‌പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്ബനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വിലകൂട്ടിയിരുന്നില്ല. വിതരണക്കാരുടെ തുടര്‍ച്ചയായ നിവേദനങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം രണ്ട് തവണ ടെന്‍ഡര്‍ പുതുക്കാന്‍ നടപടി തുടങ്ങിയെങ്കിലും കൊവിഡ് കണക്കിലെടുത്ത് നീട്ടിവയ്‌ക്കുകയായിരുന്നു. അതിനിടെ കൊവിഡ് കാലത്തെ വരുമാന നഷ്‌ടം കണക്കിലെടുത്ത് മദ്യത്തിന്റെ എക്‌സൈസ് നികുതി 35 ശതമാനം ഉയര്‍ത്തുകയും ചെയ്‌തു.

അഭിപ്രായങ്ങള്‍