വിദ്യാർഥികളുടെ യാത്രാ ഇളവ്: നിലവിലെ പാസ് ഉപയോഗിക്കാം





കണ്ണൂർ : വിദ്യാഭ്യാസസ്ഥാപനങ്ങൾ ഭാഗികമായി പുനരാരംഭിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്ക് നിലവിലുള്ള പാസിൽ ബസുകളിൽ യാത്രാ ഇളവ് അനുവദിക്കണമെന്ന് കളക്ടർ ടി.വി. സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന സ്റ്റുഡന്റ്‌സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗം നിർദേശം നൽകി. ഈ അധ്യയനവർഷത്തേക്കുള്ള കൺസെഷൻ കാർഡുകൾ എത്രയും വേഗം തയ്യാറാക്കി വിതരണം ചെയ്യാൻ ആർ.ടി.ഒ.യ്ക്ക് കളക്ടർ നിർദേശം നൽകി. പുതിയ പാസ് ലഭിക്കുന്നതുവരെ നിലവിലുള്ള പാസിൽ യാത്രാ ഇളവ് അനുവദിക്കണം.

യോഗത്തിൽ ആർ.ടി.ഒ. ഇ.എസ്. ഉണ്ണികൃഷ്ണൻ, ഡി.ഡി.ഇ. സി. മനോജ് കുമാർ, കണ്ണൂർ പാരലൽ കോളേജ് അസോസിയേഷൻ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എം.വി. വത്സലൻ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജ്കുമാർ കരുവാരത്ത്, തലശ്ശേരി ബസ് ഓണേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കെ. ഗംഗാധരൻ, വിദ്യാർഥി സംഘടനാ പ്രതിനിധികളായ ഫർഹാൻ മുണ്ടേരി, തസ്‌ലീം അടിപ്പാലം എന്നിവർ പങ്കെടുത്തു.

സോഫ്റ്റ്‌വേർ കൈപ്പറ്റണം

:കൺസഷൻ കാർഡ് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വേർ മോട്ടോർ വാഹനവകുപ്പിൽനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈപ്പറ്റണം. ഇതിനായി സ്ഥാപന തലവൻ മുഖേന ആർ.ടി.ഒ./ജോയിന്റ് ആർ.ടി.ഒ.യ്ക്ക് കത്ത് നൽകണം. കഴിഞ്ഞ വർഷത്തെ സോഫ്റ്റ്‌വേർ കൈവശമുള്ളവർക്ക് അത് ഉപയോഗിക്കാം. അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തി കൺസെഷൻ കാർഡ് പ്രിന്റ് ചെയ്തെടുത്തശേഷം ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ആർ.ടി.ഒ./ജോയിന്റ് ആർ.ടി.ഒ. ഓഫീസർക്ക് പരിശോധനയ്ക്കായി നൽകണം. 

 ഓഫീസിലെത്തി പാസുകൾ പരിശോധിക്കാൻ  അംഗീകൃത ബസുടമസ്ഥ സംഘടനാ പ്രതിനിധികൾക്ക് സൗകര്യമൊരുക്കും. കോഴ്‌സ് കാലാവധിയുൾപ്പെടെ രേഖപ്പെടുത്തിയ പാസുകൾ ആർ.ടി.ഒ./ജോയിന്റ് ആർ.ടി.ഒ. ഓഫീസുകളിൽനിന്ന് വിതരണം ചെയ്യും.

അഭിപ്രായങ്ങള്‍