മലബാര്‍ എക്‌സ്പ്രസ്സില്‍ തീപ്പിടിത്തം; യാത്രക്കാർ ചങ്ങല വലിച്ചു, ഒഴിവായത് വൻദുരന്തം




മലബാർ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിൽ തീപിടിത്തം. തീ ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല വലിച്ച് തീവണ്ടി നിർത്തുകയായിരുന്നു. ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. രാവിലെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം . മലബാർ എക്സ്പ്രസ്സിന്റെ മുന്നിലെ ലഗ്ഗേജ് വാനിലാണ് തീപ്പിടിത്തമുണ്ടായത്. യാത്രക്കാരാണ് പുകയുയരുന്നത് ആദ്യം കാണുന്നത്. ഉടൻ തന്നെ ചങ്ങല വലിച്ച് റെയിൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.അരമണിക്കൂറിനുള്ളിൽ തീയണക്കാൻ കഴിഞ്ഞു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളിൽ നിന്ന് പെട്ടെന്ന് തന്നെ വേർപ്പെടുത്താൻ കഴിഞ്ഞതോടെ തീപടരാനുള്ള സാധ്യത അടക്കാൻ കഴിഞ്ഞു.

നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനും തീയണക്കാനും മുന്നിലെത്തിയത്. വൈകാതെ അഗ്നിശമന സേന സ്ഥലത്തെത്തി. വർക്കലയിൽ തീവണ്ടി നിർത്തിയിട്ടിരിക്കുകയാണ്.

വലിയൊരു ദുരന്തമാണ് ഇവിടെ ഒഴിവായിരിക്കുന്നത്. പാഴ്സൽ ബോഗിക്ക് അടുത്ത് യാത്രക്കാരുടെ ബോഗിയാണുള്ളത്. എന്നാൽ, പുകശ്വസിച്ചോ മറ്റ് പ്രശ്നങ്ങള്‍ കാരണമോ ആര്‍ക്കും പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ്  സൂചനകള്‍.

അഭിപ്രായങ്ങള്‍