മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള വായ്പ; നിയമഭേദഗതിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ



മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള വായ്പാ തട്ടിപ്പ് നിയന്ത്രിക്കുന്നതിന് നിയമഭേദഗതിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. കേരള മണി ലെൻഡിംഗ് ആക്ടിൽ ഭേദഗതി വരുത്തുമെന്ന് ബജറ്റിൽ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. വായ്പാ തട്ടിപ്പ് കഥകൾ തുടർക്കഥ ആയതോടെയാണ് സർക്കാർ നടപടി. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ അനിവാര്യമെന്നാണ് ഐടി വിദഗ്ധരുടെ അഭിപ്രായം.

സംസ്ഥാനത്ത് മാത്രം മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള ഇൻസ്റ്റന്റ് ലോണുകൾ എടുത്ത് ദുരിതത്തിലായത് ആയിരങ്ങളാണ്. ഉപഭോക്താവിന്റെ ഫോണിലെ സ്വകാര്യവിവരങ്ങൾ ചോർത്തി എടുത്ത് ഭീഷണിപ്പെടുത്തിയ സംഭവങ്ങളും അനവധി. നിരവധി പരാതികൾ എത്തിയതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ഇതോടെയാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയുള്ള വായ്പ വിനിമയത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നിയമഭേദഗതി കൊണ്ടുവരുമെന്ന പ്രഖ്യാപനം ധനമന്ത്രി ബജറ്റിൽ ഉൾപ്പെടുത്തിയത്. നിരവധി ചെറുപ്പക്കാരെയും വീട്ടമ്മമാരെയും കുരുക്കിലാക്കിയ ഡിജിറ്റൽ വായ്പാക്കെണി ഏറെ വൈകിയാണ് സജീവ ചർച്ചകൾക്ക് വഴി തുറന്നത് തുറന്നത്.

ഇതിനിടെ ഗൂഗിളും നിയമപരമായ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ആപ്പുകൾക്കെതിരെ നടപടി തുടങ്ങിയിട്ടുണ്ട്. ആക്ഷേപം ഉയർന്ന ആയിരത്തിലധികം ആപ്പുകളിൽ 118 എണ്ണം ഇതിനകം പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങളായി പ്രവർത്തിക്കാൻ റിസർവ് ബാങ്ക് അനുമതിയില്ലെന്ന് കണ്ടെത്തിയ ആപ്പുകൾക്കെതിരെയാണ് ഒടുവിൽ ഗൂഗിൾ നടപടിക്ക് തയാറായത്. നിരവധി ആപ്പുകളിൽ നിന്ന് ഒരേസമയം ലോണെടുത്ത് അഴിയാക്കുരുക്കിലായവർ സംസ്ഥാനത്ത് നിരവധിയാണ്.

അഭിപ്രായങ്ങള്‍