വയലിനോടുചേർന്ന കുളത്തിൽ അയൽക്കാരായ രണ്ടു പെൺകുട്ടികൾ മുങ്ങിമരിച്ചു.
എടവണ്ണ : വീടിനടുത്ത വയലിനോടുചേർന്ന കുളത്തിൽ അയൽക്കാരായ രണ്ടു പെൺകുട്ടികൾ മുങ്ങിമരിച്ചു. എടവണ്ണ പത്തപ്പിരിയം പാണ്ടിയാടിലെ കളരിക്കൽ കണ്ണച്ചംതൊടി ജിജേഷിന്റെ മകൾ ആരാധ്യ (അഞ്ച്), മാങ്കുന്നൻ നാരായണന്റെ മകൾ ഭാഗ്യശ്രീ (ഏഴ്) എന്നിവരാണ് മരിച്ചത്. കളിക്കാനായി വീടുകളിൽനിന്നിറങ്ങിയ ഇവരെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച വൈകീട്ട് ആറരയോടെ കുളത്തിൽ വീണനിലയിൽ കണ്ടത്. സന്നദ്ധസേവകരും നാട്ടുകാരും ചേർന്ന് ഇരുവരെയും.ആദ്യം എടവണ്ണ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരാധ്യയെ മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിലും ഭാഗ്യശ്രീയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മഞ്ചേരി ബ്ലോസം സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിനിയാണ് ഭാഗ്യശ്രീ. അമ്മ: പ്രീത. സഹോദരി: അനുഗ്രഹ. മഞ്ചേരി നുസ്രത്ത് സ്‌കൂളിലെ എൽ.കെ.ജി. വിദ്യാർഥിനിയാണ് ആരാധ്യ. അമ്മ: അഞ്ജു. സഹോദരി: ആർദ്ര. എടവണ്ണ സ്റ്റേഷൻ ഹൗസ് ഓഫീസർ സുനീഷ് കെ. തങ്കച്ചന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ