തില്ലങ്കേരി എല്‍ഡിഎഫ് പിടിച്ചെടുത്തത് ഏഴായിരത്തോളം വോട്ടുകള്‍ക്ക്




കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ യുഡിഎഫില്‍ നിന്ന് ഇടതുമുന്നണി പിടിച്ചെടുത്തത് ഏഴായിരത്തോളം വോട്ടുകള്‍ക്ക്. യുവ വനിതാ സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കി സീറ്റ് നിലനിര്‍ത്താമെന്ന യുഡിഎഫ് കണക്കുകൂട്ടലാണ് തെറ്റിയത്. 21 വയസുകാരിയായ എംബിഎ വിദ്യാര്‍ത്ഥിനി ലിന്‍ഡ ജയിംസ് മത്സരിക്കുന്നത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ആര്യാ രാജേന്ദ്രനും, രേഷ്മ മറിയം റോയിയും ഉള്‍പ്പെടെയുള്ള യുവവനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് ജയിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു യുഡിഎഫിന്റെ പരീക്ഷണം.


കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രാഷ്ട്രീയത്തില്‍ മുന്‍ പരിചയമില്ലാത്ത ലിന്‍ഡയെ രംഗത്തിറക്കിയപ്പോള്‍ ചെറുപ്പത്തിന്റെ പേരില്‍ മാത്രം വോട്ടുചെയ്യാന്‍ ജനം തയ്യാറായില്ല. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം അഡ്വ. ബിനോയ് കുര്യനെയാണ് എല്‍ഡിഎഫ് മത്സരിപ്പിച്ചത്. വര്‍ഷങ്ങളുടെ പൊതുപ്രവര്‍ത്തന പരിചയമുള്ള മത്സരാര്‍ത്ഥിയ്ക്ക് പകരം എന്തുകൊണ്ട് തങ്ങളുടെ യുവ വനിതയെ തെരഞ്ഞെടുക്കണമെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ യുഡിഎഫിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് ഫലമെത്തിയപ്പോള്‍ ബിനോയ് കുര്യന്‍ 6874 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു.


ആകെ പോള്‍ ചെയ്ത വോട്ട് -32356

അഡ്വ. ബിനോയ് കുര്യന്‍ – 18524

ലിന്‍ഡ ജയിംസ് – 11650

കെ ജയപ്രകാശ് (ബിജെപി) – 1329

ലിന്‍ഡ ബാബു – 419

മൈക്കിള്‍ – 99

നാരായണ കുമാര്‍ – 76

ലിന്‍ഡ എം – 259


യുഡിഎഫിന്റെ ഉറച്ച സീറ്റായിരുന്നു മലയോര മേഖലയായ തില്ലങ്കേരി. പക്ഷെ, ഇത്തവണ എല്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് നേടി. യുഡിഎഫ് ശക്തി കേന്ദ്രമായ അയ്യങ്കുന്ന് പഞ്ചായത്തില്‍ ആദ്യമായാണ് എല്‍ഡിഎഫ് ലീഡ് നേടുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മരണത്തേത്തുടര്‍ന്നാണ് തില്ലങ്കേരിയില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. 24 അംഗ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗസംഖ്യ ഇതോടെ 17 ആയി.





അഭിപ്രായങ്ങള്‍