ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് കേരളത്തിന്




ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചാം തവണയും കേരളത്തിന് ലഭിച്ചതായി വൈദ്യുത വകുപ്പുമന്ത്രി എം.എം. മണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈദ്യുതി ഉല്പാദനത്തിനു പുറമെ വൈദ്യുതി ലാഭിക്കുന്നതിനായി സംസ്ഥാനത്തെ വൈദ്യുതി മേഖല നടത്തിവരുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ അവാര്‍ഡ് നേട്ടമെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍, കെ.എസ്.ഇ.ബി., അനര്‍ട്ട്, ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സൗരോര്‍ജ പദ്ധതി സംസ്ഥാനത്ത് കൂടുതല്‍ വ്യാപിപ്പിച്ച്‌ ഊര്‍ജോല്പാദനം കൂട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.കൂടാതെ സംസ്ഥാനത്തുള്ള ചെറുകിട ഊര്‍ജ പദ്ധതികള്‍ സംരക്ഷിച്ചും ഊര്‍ജ ഉല്പാദനം വര്‍ധിപ്പിക്കണം.


സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും വൈദ്യുതി ഉപഭോക്താക്കളും ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 4100 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലാഭിക്കാനായത്. കഴിഞ്ഞ വര്‍ഷം മാത്രം 581 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിച്ചു. നീതി ആയോഗ് തയ്യാറാക്കിയ ഊര്‍ജകാര്യക്ഷമത സൂചികയില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും ഏറ്റവും കൂടുതല്‍ പോയിന്റ് നേടാന്‍ കേരളത്തിനായി. സംസ്ഥാനത്ത് നടപ്പാക്കിയ ഊര്‍ജ സംരക്ഷണ കെട്ടിട ചട്ടവും ഈ നേട്ടത്തിന് മുതല്‍ക്കൂട്ടായി.


സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും എല്‍.ഇ.ഡി. ബള്‍ബുകള്‍ ലഭ്യമാക്കും. നിലവില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഉപയോക്താക്കള്‍ക്കും ഈ മാസം മുതല്‍ ബള്‍ബുകള്‍ എത്തിച്ചു നല്‍കും. ബള്‍ബിന്റെ വില വൈദ്യുതി ചാര്‍ജിനോടൊപ്പം ശേഖരിക്കും. സി.എഫ്.എല്‍. അടക്കമുള്ള സാധാരണ ട്യൂബുകളും ബള്‍ബുകളും ശേഖരിച്ച്‌ ക്ലീന്‍ കേരള മിഷന്റെ സഹകരണത്തോടെ സംസ്‌കരിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കെ.എസ്.ഇ.ബി.യും ചേര്‍ന്ന് നടപ്പാക്കുന്ന നിലാവ് പദ്ധതിയിലൂടെ തെരുവ് വിളക്കുകള്‍ പൂര്‍ണമായും എല്‍.ഇ.ഡി.യിലേക്ക് മാറും. 285 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.


പ്രസരണ വിതരണ നഷ്ടം രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 12 ശതമാനത്തിലേക്ക് കുറയ്ക്കാനായി. 10,000 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ട്രാന്‍സ്ഗ്രിഡ്, 4500 കോടി രൂപ ചെലവില്‍ വിതരണ മേഖലയില്‍ നടപ്പാക്കുന്ന ദ്യുതി, കെ-ഫോണ്‍ എന്നീ പദ്ധതികളും ഊര്‍ജ സംരക്ഷണ രംഗത്ത് കരുത്തേകുമെന്നും മന്ത്രി പറഞ്ഞു. പവര്‍ സെക്രട്ടറി സൗരഭ് ജെയ്ന്‍, ഇ.എം.സി. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അഭിപ്രായങ്ങള്‍