അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് ആരോപണം; വേറെ വിവാഹം കഴിച്ചത് എതിര്‍ത്തതില്‍ വൈരാഗ്യം
തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന ആരോപണവുമായി അറസ്റ്റിലായ യുവതിയുടെ കുടുംബം. വിവാഹമോചനത്തിന് മുതിരാതെ ഭർത്താവ് വേറെ വിവാഹം കഴിച്ചതിനെ എതിർത്തതും ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യവുമാണ് പരാതിക്ക് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം.
യുവതിയെ ഭർത്താവ് നിരന്തരം മർദിച്ചിരുന്നതായും സ്ത്രീധനത്തിന്റെ പേരിൽ ശാരീരികവും മാനസികവുമായി ക്രൂരമായി പീഡിപ്പിച്ചിരുന്നതായും ഇവർ പറയുന്നു. ഗർഭിണി ആയിരിക്കുമ്പോഴും പ്രസവത്തിന് ശേഷവും മർദനം പതിവായിരുന്നു. മകൾക്കെതിരേയുള്ളത് കള്ളക്കേസാണെന്നും യുവതിയുടെ മാതാവ് പറഞ്ഞു.
പിതാവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ഇളയമകനും വെളിപ്പെടുത്തി. പിതാവിനൊപ്പം താമസിച്ചപ്പോൾ അടിക്കുകയും ഭക്ഷണം നൽകാതെ ഉപദ്രവിച്ചെന്നുമാണ് ഇളയ മകന്റെ വെളിപ്പെടുത്തൽ.
ദിവസങ്ങൾക്ക് മുമ്പാണ് 14-കാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവതി നിലവിൽ റിമാൻഡിലാണ്. കുട്ടിയുടെ അച്ഛനാണ് പീഡനവിവരം ചൈൽഡ്ലൈനിൽ അറിയിച്ചത്. അമ്മയ്ക്കെതിരേ ചൈൽഡ് ലൈനിനും പോലീസിനും കുട്ടി മൊഴി നൽകുകയും ചെയ്തു.
പ്രണയ വിവാഹമായിരുന്നുവെങ്കിലും നിരന്തരം മർദനം ഏൽക്കേണ്ടി വന്നതോടെ മൂന്നുവർഷമായി ഭർത്താവിൽ നിന്ന് അകന്നു കഴിയുകയായിരുന്നു യുവതി. 37-കാരിയായ ഇവർക്ക് 17, 14, 11 വയസ്സുള്ള മൂന്ന് ആൺകുട്ടികളും ആറുവയസുള്ള പെൺകുട്ടിയുമാണുള്ളത്. മൂന്നുവർഷമായി പിരിഞ്ഞ് താമസിച്ചിരുന്നുവെങ്കിലും ഇവർ നിയമപരമായി വിവാഹം വേർപ്പെടുത്തിയിരുന്നില്ല. മൂന്നാമത്തെ ആൺകുട്ടി യുവതിയുടെ കുടുംബത്തിനൊപ്പമാണ് നിലവിൽ താമസിക്കുന്നത്. തന്നെയും അമ്മയെയും അച്ഛൻ നിരന്തരം മർദിച്ചിരുന്നതായാണ് ഈ കുട്ടിയും പറയുന്നത്.
വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയതിന് പിന്നാലെ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളെ കൂടെ കൊണ്ടുപോവുകയും ചെയ്തു. ഇതിലൊരു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരേ അറസ്റ്റുൾപ്പെടെയുള്ള നടപടി ഉണ്ടായത്


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ