പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരിയിൽ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ്
പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ്. മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് വാട്‌സ്ആപ്പ് അറിയിച്ചത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കൾക്കിടയിൽ ഒട്ടേറെ തെറ്റിദ്ധാരണകൾ സൃഷ്ടിച്ചുവെന്നും പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാൻ ആളുകൾക്ക് സമയം നൽകുമെന്നും കമ്പനി വ്യക്തമാക്കി.
വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങൾ കാണാനോ കോളുകൾ കേൾക്കാനോ വാട്‌സ്ആപ്പ് കമ്പനിക്കോ ഫേസ്ബുക്കിനോ കഴിയില്ലെന്നും കമ്പനിയുടെ പ്രസ്താവനയിലുണ്ട്. വാട്‌സ്ആപ്പ് ചാറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായി തുടരുമെന്നും കമ്പനി വ്യക്തമാക്കി. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവർക്ക് ഫെബ്രുവരി എട്ടിന് ശേഷം വാട്‌സ്ആപ്പ് ഉപയോഗിക്കാനാകില്ലെന്നായിരുന്നു മുൻപ് നൽകിയിരുന്ന അറിയിപ്പ്. ഇതേ തുടർന്ന് ആളുകൾ മറ്റ് ആപ്പുകളിലേക്ക് മാറാൻ തുടങ്ങിയതോടെയാണ് പുതിയ നിലപാടുമായി വാട്‌സ്ആപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
വാട്സ്ആപ്പ് പ്രൈവസി പോളിസി പുതുക്കുന്നുവെന്ന അറിയിപ്പ് നൽകിയതിന് പിന്നാലെ ആപ്ലിക്കേഷൻ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മെസേജിംഗ് ആപ്ലിക്കേഷനുകളായ സിഗ്‌നൽ, ടെലഗ്രാം അടക്കമുള്ളവയുടെ ഡൗൺലോഡിംഗിൽ വർധനവ് ഉണ്ടായിരുന്നു. ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ മികച്ച സൗജന്യ മെസേജിംഗ് ആപ്ലിക്കേഷനുകളിൽ സിഗ്‌നൽ പ്രൈവറ്റ് മെസഞ്ചർ ആപ്ലിക്കേഷൻ ഒന്നാമതാവുകയും വാട്സ്ആപ്പ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തിരുന്നു.
ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള പുതിയ പോളിസി ഫെബ്രുവരി എട്ടിന് പ്രാബല്യത്തിൽ വരുമെന്നാണ് വാട്സ്ആപ്പ് നേരത്തെ അറിയിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് വരിക്കരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റുവർക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്‌സൈറ്റുകളിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ ശേഖരിക്കുമെന്നതാണ് വാട്‌സ്ആപ്പ് പ്രൈവസി പോളിസിയിൽ കൊണ്ടുവരുന്ന മാറ്റം. ഇത്തരം വിവരങ്ങൾ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ളവയ്ക്ക് പങ്കുവയ്ക്കുമെന്നും പുതിയ നയത്തിൽ അറിയിച്ചിരുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ