ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നതിന് അമ്മ അറസ്റ്റിൽ




ബദിയടുക്ക• കാസർകോട് ബദിയടുക്കയിൽ ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നതിന് അമ്മയെ അറസ്റ്റ് ചെയ്തു. പെര്‍ല കാട്ടുകുക്കെ പെര്‍താജെയിലെ ശാരദയെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം നാലിനാണ് ബാബു - ശാരദ ദമ്പതികളുടെ ഏക മകനെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടയിൽ കാണാതായെന്നാണ് ശാരദ ആദ്യം മൊഴി നൽകിയത്. വീടിനോടു ചേർന്ന ഉപയോഗശൂന്യമായ കിണറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചുറ്റുമതിൽ ഉള്ളതിനാൽ ഒന്നര വയസുകാരൻ കിണറിനുള്ളിലേക്ക് വീഴാനുള്ള സാധ്യതയിൽ സംശയമുണ്ടായി.

അയൽവാസികളാണ് നിർണായക വിവരം പൊലീസിന് കൈമാറിയത്. സംഭവ ദിവസം രാവിലെ കുഞ്ഞുമായി ശാരദ കിണറിനടുത്തേക്ക് പോകുന്നതും കുഞ്ഞില്ലാതെ മടങ്ങി വരുന്നതും കണ്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശാരദയെ അറസ്റ്റ് ചെയ്തത്. കുടുംബവഴക്കാണ് കുഞ്ഞിനെ കൊല്ലാൻ കാരണമെന്ന് ശാരദ മൊഴി നൽകിയിട്ടുണ്ട്.


അഭിപ്രായങ്ങള്‍