ഇടതുമുന്നണി വടക്കൻ മേഖലാ ജാഥ 14, 15, 16 തീയതികളിൽ കണ്ണൂർ ജില്ലയിൽ





നിയമസഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി കൺവീനർ എ.വിജയരാഘവന്റെ നേതൃത്വത്തിൽ ഇടതുമുന്നണി നടത്തുന്ന വടക്കൻ മേഖലാ ജാഥ 14, 15, 16 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

14-ന് വൈകിട്ട് കാലിക്കടവിൽനിന്ന് സ്വീകരിക്കും. അഞ്ചിന് പയ്യന്നൂരിൽ പൊതുയോഗം. ആറിന് പഴയങ്ങാടിയിൽ സമാപനം. 15-ന് 10-ന് തളപ്പിറമ്പിൽ നിന്നാരംഭിക്കും. 11-ന് ശ്രീകണ്ഠപുരം, നാലിന് മട്ടന്നൂർ, അഞ്ചിന് കണ്ണൂർ. ആറിന് തലശ്ശേരിയിൽ സമാപിക്കും. 16-ന് 10-ന് പിണറായിയിൽ നിന്നാംരഭിക്കും 11-ന് കൂത്തുപറമ്പ്. നാലിന് ഇരിട്ടിയിൽ ജില്ലയിലെ പര്യടനം സമാപിക്കും. കെ.പി.രാജേന്ദ്രൻ, അഡ്വ. പി.സതീദേവി, കെ.പി.മോഹനൻ, പി.ടി.ജോസ്, കാസിം ഇരിക്കൂർ, കെ.ലോഹ്യ, പി.കെ.രാജൻ, യു.ബാബു ഗോപിനാഥ്, അഡ്വ. എ.ജെ.ജോസഫ്, ബിനോയ് ജോസഫ്, ജോസ് ചെമ്പേരി എന്നിവരാണ് ജാഥാംഗങ്ങൾ. കോവിഡ് മാനദണ്ഡമനുസരിച്ച് നടക്കുന്ന പരിപാടിയിൽ മാലയോ മറ്റെന്തെങ്കിലുമോ അണിയിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. സ്വീകരണകേന്ദ്രങ്ങളിൽ സാനിറ്റൈസർ വെയ്ക്കും. പ്രവർത്തകർ സാമുഹിക അകലം പാലിച്ചേ ഇരിക്കൂ. വേദിയിൽ ചുരുക്കം നേതാക്കളുടെ എണ്ണം പരിമിതപ്പെടുത്തും.


നവകേരളം സൃഷ്ടിക്കാൻ വീണ്ടും എൽ.ഡി.എഫ്. എന്ന മുദ്രാവക്യവുമായി നടത്തുന്ന ജാഥ ഇടതുമുന്നണി സർക്കാർ കേരളത്തിൽ നടപ്പാക്കിയ വികസനപദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാനാണെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രകടനപത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570-ഉം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ യു.ഡി.എഫും എതിർത്തിട്ടില്ലെന്ന് ജില്ലാ കൺവീനർ കെ.പി.സഹദേവൻ ചൂണ്ടിക്കാട്ടി.


സി.പി.എം. സംസ്ഥാന കമ്മറ്റിയംഗം പി.ജയരാജൻ, ഘടകകക്ഷിനേതാക്കളായ സി.പി.സന്തോഷ് കുമാർ, കെ.പി.മോഹനൻ, അഡ്വ. എ.ജെ.ജോസഫ്, ഇ.പി.ആർ.വേശാല, കെ.കെ.ജയപ്രകാശ്, കെ.കെ.രാജൻ, മഹമ്മൂദ് പറക്കാട്ട്, ജോസ് ചെമ്പേരി, രതീഷ് ചിറക്കൽ, സിറാജ് തയ്യിൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

അഭിപ്രായങ്ങള്‍