പേരാവൂർ താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടസമുച്ചയം; ശിലാസ്ഥാപനം 18-ന്
പേരാവൂർ: താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം 18-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ചടങ്ങിൽ മന്ത്രി കെ.കെ.ശൈലജ അധ്യക്ഷതവഹിക്കും. ആശുപത്രിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ. മുഖ്യാതിഥിയായിരിക്കും.
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 52 കോടി രൂപ ചെലവിട്ട് ആറുനില കെട്ടിടമാണ് നിർമിക്കുന്നത്. ഒന്നാം ഘട്ടമായി അനുവദിച്ച 23 കോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് 18-ന് തുടങ്ങുന്നത്.
പഴയ ഒ.പി. കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചാണ് ബഹുനില കെട്ടിടം നിർമിക്കുന്നത്. ആശുപത്രിയിലെ ഒ.പി. കെട്ടിടത്തിലും സമീപത്തെ കെട്ടിടങ്ങളിലുമുള്ള മുഴുവൻ സെക്‌ഷനുകളും മുകളിലെ കെട്ടിടങ്ങളിലേക്ക് മാറ്റുന്ന പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. നിലവിൽ ആശുപത്രിയിൽ ലഭിക്കുന്ന സേവനങ്ങളൊന്നും മുടങ്ങാതെ ലഭ്യമാവുമെന്ന് സൂപ്രണ്ട് പറഞ്ഞു.
ശിലാസ്ഥാപനത്തിനുള്ള സംഘാടകസമിതി യോഗം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷതവഹിച്ചു. ആസ്പത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.ടി.കെ.മുഹമ്മദ്, എച്ച്.എം.സി. അംഗങ്ങൾ എന്നിവർ സംസാരിച്ചു. സണ്ണി ജോസഫ് എം.എൽ.എ. രക്ഷാധികാരിയായും കെ.സുധാകരൻ ചെയർമാനായും ഗ്രിഫിൻ സുരേന്ദ്രൻ കൺവീനറായും സംഘാടകസമിതി രൂപവത്കരിച്ചു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ