തയ്യല്‍ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു; ചികിത്സാ ധനസഹായം 5,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി
തിരുവനന്തപുരം: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി വഴിയുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. മാരകരോഗങ്ങള്‍ക്കുള്ള ചികിത്സാ ധനസഹായം 5,000 രൂപയില്‍ നിന്ന് 25,000 രൂപയായും മറ്റ് രോഗങ്ങള്‍ക്കുള്ള സഹായം 1,000 രൂപയില്‍ നിന്നും 5,000 രൂപയായും ഉയര്‍ത്തി.
വിവാഹ ധനസഹായം 2,000 രൂപയില്‍ നിന്നും 5,000 രൂപയാക്കി. തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള മരണാനന്തര ധനസഹായം 25,000 രൂപയില്‍ നിന്നും 40,000 രൂപയായും ശവസംസ്‌കാര ചെലവിനുള്ള സഹായം 1,000 രൂപയില്‍ നിന്നും 2,000 രൂപയായും വര്‍ധിപ്പിച്ചു. കൂടാതെ വിരമിക്കല്‍ ആനുകൂല്യം അംശദായം അടച്ച തിയതികള്‍ കണക്കിലെടുത്ത് 5.5 ശതമാനം പലിശ ഉള്‍പ്പെടെയുള്ള തുകയാക്കി പരമാവധി 1.5 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു.
എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ് 1,000 രൂപയില്‍ നിന്നും 2,000 രൂപയായി വര്‍ധിപ്പിച്ചു.
വിദ്യാഭ്യാസ ആനുകൂല്യം പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് 1,000 രൂപയില്‍ നിന്ന് 2,000 രൂപയായും ഐ.ടി.ഐ, ടി.ടി.സി, ജനറല്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് 600 രൂപയില്‍ നിന്ന് 2,000 രൂപയായും ബിരുദ വിദ്യാര്‍ഥികള്‍ക്ക് 1,000 രൂപയില്‍ നിന്നും 2,000 രൂപയായും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് 2,000 രൂപയില്‍ നിന്നും 4,000 രൂപയായും വര്‍ധിപ്പിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുള്ള ധനസഹായം 5,000 രൂപയില്‍ നിന്നും 8,000 രൂപയാക്കിയും ഉയര്‍ത്തി.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ