പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി




പേരാവൂർ: വനിതയായ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ കയ്യേറ്റം ചെയ്യാൻ മുൻ പഞ്ചായത്തംഗം ശ്രമിച്ചതായി പരാതി. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണനെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് മുൻ പഞ്ചായത്തംഗം പൂക്കോത്ത് സിറാജിനെതിരെയാണ് നിഷ ബാലകൃഷ്ണൻ പേരാവൂർ പൊലീസിൽ പരാതി നൽകിയത്.


പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബുധനാഴ്ച ഉച്ചക്ക് ശേഷം നടന്ന പേരാവൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് ഗ്രാമസഭയിലാണ് സംഭവം. ഗ്രാമ സഭയിൽ പങ്കെടുത്ത സിറാജ് ഗ്രാമസഭ അലങ്കോലപ്പെടുത്തുകയും വാർഡ് നിവാസികളെ സംസാരിക്കാനനുവദിച്ചില്ല എന്നുമാണ് ആരോപണം.


വാർഡ് നിവാസികൾക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് വൈസ് പ്രസിഡണ്ട് പറഞ്ഞപ്പോൾ സിറാജ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതി .


സംഭവത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പേരാവൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സി. പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ശശീന്ദ്രൻ, ടി. വിജയൻ, പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലൻ , എം. രാജീവൻ, വി.ബാബു തുടങ്ങിയവർ സംസാരിച്ചു.

അഭിപ്രായങ്ങള്‍