നമ്പർ ഇല്ലാത്ത വാഹനങ്ങൾ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ്




കാസർകോട് ∙ വാഹന നമ്പർ ഇല്ലാതെയും മറ്റും നിയമം ലംഘിച്ചു ഓടുന്ന വാഹനങ്ങൾക്കെതിരെ മോട്ടർവാഹന വകുപ്പ് നടപടികൾ കർശനമാക്കി. വാഹന നമ്പറും പിറകിൽ നമ്പർപ്ലേറ്റ് ഇല്ലാത്തതും കൃത്രിമ നമ്പർ രേഖപ്പെടുത്തിയതും ഉൾപ്പെടെ 24 വാഹനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടി. പിറകിൽ നമ്പർ ഇല്ലാത്ത ലോറികൾക്കു പുറമേ നമ്പർ തന്നെ ഇല്ലാത്ത ഇരു ചക്ര വാഹനങ്ങളും പിടികൂടി പിഴയിട്ടു.


സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള വാഹന പരിശോധനയും സജീവമാക്കി. കാടങ്കോട് ഗവ.സ്കൂളിനടുത്ത് നടന്ന പരിശോധനയിൽ വാഹനം നിർത്താതെ പോയ വിദ്യാർഥികളുടെ വീടുകളിൽ ചെന്ന്  മാതാപിതാക്കളെ കണ്ട് പിഴ ഈടാക്കി. ലൈസൻസും ഹെൽമറ്റും ഇല്ലാതെയും ഒന്നിലേറെ പേരെ കയറ്റി സ്കൂളിലെത്തുന്ന വിദ്യാർഥികളെ  ബോധവൽക്കരിക്കുന്നതിനും നടപടിയെടുക്കുന്നതിനു സ്കൂൾ അധികൃതർക്ക് നിർദേശം നൽകി.


നിയമം പാലിക്കാത്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളെടുക്കുമെന്ന് പ്രിൻസിപ്പൽ ഉറപ്പു നൽകിയതായി എൻഫോഴ്സ്മെന്റ് ആർടിഒ ടി.എം. ജഴ്സൺ പറഞ്ഞു. സ്കൂൾ പരിസരങ്ങളിൽ നിന്നു 15 വാഹനങ്ങൾ പിടികൂടി പിഴയിട്ടു. എൻഫോഴ്സ്മെന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.സാജു ഫ്രാൻസിസ്, എഎംവിഐമാരായ കെ.വി.ഗണേശൻ , പി.വി.വിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും.


∙ പിഴയിട്ടത് 32 ലക്ഷം  


ജില്ലയിൽ കഴിഞ്ഞ 1 മാസത്തിനിടെ 2577 പേരെയാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വിവിധ മോട്ടർ വാഹന ഗതാഗത നിയമ ലംഘനത്തിനു പിടികൂടിയത്. 32 ലക്ഷം രൂപയാണ് പിഴയിട്ടത്.

അഭിപ്രായങ്ങള്‍