മാഹിയിൽ 30 വരെ ലോക്ഡൗൺ





മയ്യഴി: മാഹിയിൽ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ നിയന്ത്രണങ്ങൾ ശക്തമാക്കിയതായും 30 വരെ ലോക്ഡൗൺ ഏർപ്പെടുത്തിയതായും മാഹി അഡ്മിനിസ്ട്രേറ്റർ ശിവ്‌രാജ് മീണ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭക്ഷ്യവസ്തുക്കളടക്കമുള്ളവ വില്പന നടത്തുന്ന അവശ്യസേവന മേഖലയിലെ എല്ലാ കടകളും രാവിലെ ആറുമുതൽ വൈകുന്നേരം ഏഴുവരെ പ്രവർത്തിക്കും.


ഇവ ഒഴികെയുള്ള എല്ലാ കടകളും സ്ഥാപനങ്ങളും മദ്യശാലകളും 30 വരെ പ്രവർത്തിക്കുകയില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം പാടില്ല. പാഴ്‌സൽ സേവനം മാത്രമേ പാടുള്ളൂ. രാത്രി കർഫ്യു 12 മുതൽ രാവിലെ അഞ്ചുവരെ നിലവിലുണ്ട്. ഭക്ഷണം വിളമ്പാതെ 20 പേർക്ക് മാത്രം വിവാഹച്ചടങ്ങിൽ പങ്കെടുക്കാം. ഇവർക്ക് 72 മണിക്കൂറിനിടെ കോവിഡ് പരിശോധന നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വിവാഹത്തിന് മുമ്പോ ശേഷമോ ഉള്ള എല്ലാ അനുബന്ധ ചടങ്ങുകളും മറ്റെല്ലാ ആഘോഷച്ചടങ്ങും നിരോധിച്ചിട്ടുണ്ട്.


ശവസംസ്‌കാരം, മരണാനന്തര കർമങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20-ൽ കവിയരുത്.


മാഹിയിൽ ദിവസവും 600 ഓളം പേർക്ക് കോവിഡ് പരിശോധന നടത്തുന്നുണ്ട്. ഇവരിൽ ശരാശരി ഏഴുശതമാനത്തോളം പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.


അഭിപ്രായങ്ങള്‍