തൃശൂർ പൂരത്തിന് പൊതുജനത്തെ ഒഴിവാക്കിയേക്കും
തൃശൂർ പൂരത്തിൽ നിന്നും പൊതുജനത്തെ ഒഴിവാക്കാൻ ആലോചന. അന്തിമ തീരുമാനം വൈകീട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതല യോഗത്തിൽ എടുക്കും.
അതേസമയം തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് ശുപാർശ സമർപ്പിക്കാൻ സർക്കാർ
ആരോഗ്യ സമിതിയെ നിയമിച്ചു. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ചെയർമാനായുള്ള ആരോഗ്യ വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലായിരിക്കും പൂരം നടത്തിപ്പിൽ തീരുമാനങ്ങൾ പുറപ്പെടുവിക്കുക. മൂന്നംഗ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മെഡിക്കൽ സംഘം ദേവസ്വം ഭാരവാഹികളുമായി ചർച്ച നടത്തും.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ സർക്കാരിന് തീരുമാനിക്കാമെന്ന നിലപാടിലാണ് ദേവസ്വങ്ങൾ. തൃശൂരിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിനോട് അടുക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം ഭാരവാഹികൾ തീരുമാനം മയപ്പെടുത്തുന്നത്. കാണികളെ ഒഴിവാക്കി പൂരം നടത്തുന്നതിനെ കുറിച്ചാണ് ആലോചന. പൂരം ദൃശ്യ, നവ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലേക്കെത്തിക്കാനാണ് നിർദേശം. വൈകീട്ട് ചേരുന്ന ഉന്നത തല യോഗത്തിലായിരിക്കും പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. 23ാം തിയതിയാണ് തൃശൂർ പൂരം.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ