തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു



കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.



മലയാളത്തിലെ വാണിജ്യസിനിമയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ചു തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. സൂപ്പർ താരങ്ങളുടെ ഉദയംതന്നെ അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രങ്ങളിലൂടെയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ സൂപ്പർ താരപദവിയിലേക്ക് ഉയർന്നത് ഡെന്നീസ് ജോസഫിന്റെ ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു. സംവിധായകൻ ജോഷിക്കുവേണ്ടിയായിരുന്നു ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത്. ഇതെല്ലാംതന്നെ ഹിറ്റുകളുമായിരുന്നു.


കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി.

അഭിപ്രായങ്ങള്‍