സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതായി പരാതി. കോളയാട്, പേരാവൂർ,ഉരുവച്ചാൽ സ്വദേശികൾക്കെതിരെയാണ് പരാതി

 




 സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന് പരാതി. ഭീഷ്മ കലാസാംസ്കാരിക വേദി പേരാവൂർ എന്ന സംഘടനയുടെ ബാനറിൽ പേരാവൂർ സ്വദേശി മനോജ് താഴെ പുരയിൽ, കോളയാട് സ്വദേശി മോഡി രാജേഷ്, ഉരുവച്ചാൽ സ്വദേശി ചോതി രാജേഷ് എന്നിവർ 'ഓർമ്മയിൽ' എന്ന സിനിമയുമായി ബന്ധപ്പെട്ട് പണം തട്ടിയെടുത്തു എന്ന് സിനിമയിൽ അഭിനയിച്ചവരും വഞ്ചിക്കപ്പെട്ടവരുമായ ഒൻപതോളം പേർ ചേർന്ന് കൂത്തുപറമ്പ് ഡിവൈഎസ്പിക്ക് പരാതി നൽകി. സിനിമയിൽ അവസരം നൽകാമെന്ന വാഗ്ദാനവുമായി മൂന്നു പേരും ചേർന്ന് പണം വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്നും സിനിമയുടെ മറവിൽ ഇവർ പല തെറ്റായ പ്രവർത്തനങ്ങളും നടത്തുന്നതായും പരാതിക്കാർ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സിനിമാ രം​ഗത്ത് പലരുമായും ബന്ധമുണ്ടെന്നും അവാർഡുകൾ ലഭിച്ചിട്ടുണ്ട് എന്നും പറഞ്ഞ ഇവർ ഫോട്ടോകളും പത്രവാർത്തകളും കാണിച്ച് വിശ്വസിപ്പിക്കുകയായിരുന്നു. അഭിനയിക്കുന്നതിനായി പലരിൽ നിന്നും പതിനായിരം രൂപ മുതൽ രണ്ടര ലക്ഷം രൂപവരെ കൈപ്പറ്റിയിട്ടുണ്ട്. വഞ്ചിക്കുകയാണെന്ന് മനസ്സിലായപ്പോൾ ഈ തുക തിരിച്ചു ചോദിച്ചുവെങ്കിലും ഒഴിവുകഴിവ് പറയുകയും ഇനിയും പണം തന്നാൽ മാത്രമേ പടം റിലീസ് ആകാൻ കഴിയുകയുള്ളൂ എന്നുമാണ് പറയുന്നത്.


നടൻ ബോബൻ ആലുമ്മൂടൻ ഉൾപ്പടെയുള്ള സീരിയൽ ആർട്ടിസ്റ്റുകളെ കൊണ്ടുവന്നായിരുന്നു ചിത്രീകരണമെന്നും കഥയോ തിരക്കഥയോ സംവിധാനമോ നല്ലൊരു ക്യാമറ പോലും ഉപയോ​ഗിക്കാതെയാണ് ഇവർ തട്ടിപ്പ് നടത്തിയത്. 


വടകര, പേരാവൂർ, പെരളശ്ശേരി, ഇരിട്ടി, വേങ്ങാട് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് നടത്തിയത് അഭിനേതാക്കളിൽ നിന്ന് പണം വാങ്ങിയാണ്. വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി പണം തട്ടൽ ആണ് ഇവർ ചെയ്യുന്നതെന്നും സിനിമാമേഖലയിലെ യാതൊരു രജിസ്ട്രേഷൻ പോലും ഇവർക്കില്ല എന്നും പരാതിയിൽ പറയുന്നു. കായലോട് സ്വദേശിനിയാണ് ഇവർക്ക് സഹായങ്ങൾ ചെയ്യുന്നത്. സിനിമയിൽ നായികയുടെ മകളുടെ വേഷത്തിന് 6 പേരിൽ നിന്നും നായികയുടെ ബാല്യകാല വേഷത്തിന് മൂന്ന് പേരിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വൻതുക ഇവർ തട്ടിയെടുത്തതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതി കൊടുത്താൽ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞു നിലവിൽ കുട്ടികളുൾപ്പെടെ ഇവർ ഫോൺ വിളിച്ച് ഭീഷണി മുഴക്കിയതായും രജനി വേങ്ങാട്,  ഇ വിനയ കുമാർ, ശ്രീഷ്മ എന്നിവർ കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ  അറിയിച്ചു.

അഭിപ്രായങ്ങള്‍