ഹോട്ടലുകളിൽ ഡൈനിങ് അനുമതി നൽകണമെന്നാവശ്യപ്പെട്ട് 16 മുതൽ ജനകീയ പ്രതിഷേധം
കണ്ണൂർ: ഡൈനിങ് ഇല്ലാതെ കഴിഞ്ഞ 4 മാസമായി അടഞ്ഞുകിടക്കുന്ന ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുവാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് 16 മുതൽ ജനകീയ പ്രതിഷേധം ആരംഭിക്കുവാൻ കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറൻറ് അസോസിയേഷൻ തീരുമാനിച്ചു.
പ്രതിഷേധസൂചകമായി 16 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ ഉപവാസ സമരവും, ജില്ലാ യൂണിറ്റ് തലത്തിൽ പ്രതിഷേധ ധർണ്ണയും സംഘടിപ്പിക്കും. നിയമസഭ ക്യാൻറീനിലും, കളക്‌ട്രേറ്റ്, പോലീസ്, ആശുപത്രി ക്യാൻറീനുകളിലുമെല്ലാം ആളുകളെ ഇരുത്തി ഭക്ഷണം നൽകുപോൾ ഹോട്ടലുകൾക്ക് മാത്രമാണ് അവഗണന.
സംസ്‌ഥാനത്തെ എല്ലാ വ്യാപാരമേഖലകളും, വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്ന്‌കൊടുത്തു. പൊതു ഗതാഗത സംവിധാനവും ആരംഭിച്ചു. അവിടെങ്ങുമില്ലാത്ത കൊവിഡ് വ്യാപനം ഹോട്ടലുകളിൽ മാത്രം ഉണ്ടാകുമെന്ന് പറയുന്നതിലെ യുക്‌തി മനസിലാകുന്നില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വരുന്നവരും, മറ്റ് യാത്രക്കാരും പാഴ്‌സൽ വാങ്ങിക്കഴിച്ചതിനുശേഷം മാലിന്യം പൊതുസ്‌ഥലങ്ങളിൽ ഉപേക്ഷിക്കുന്നതുമൂലം വലിയ പാരിസ്‌ഥിതിക പ്രശ്‌നവും നേരിടുന്നു.
നൂറു ദിവസത്തിലേറെയായി ഡൈനിങ് അനുവദിക്കാത്ത ഹോട്ടലുകൾക്ക് ജി.എസ്.ടി., തൊഴിൽക്കരം അടക്കമുള്ള നികുതിയടക്കണമെന്ന് നിർദ്ദേശിച്ച് നോട്ടീസുകൾ ലഭിച്ചു തുടങ്ങി. കടുത്ത സാന്‌പത്തിക പ്രയാസത്തിലൂടെ കടന്നുപോകുന്ന ഹോട്ടൽ മേഖലക്ക് സഹായകരമായ ഒരു പാക്കേജും സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടച്ചിടൽ തുടരുകയാണെങ്കിൽ ഹോട്ടലുടമകളുടേയും, തൊഴിലാളികളുടേയും കൂട്ട ആത്മഹത്യക്ക് സംസ്‌ഥാനം സാക്ഷിയാകേണ്ടിവരും.
ആയതിനാൽ അടിയന്തിരമായി ഹോട്ടലുകളിൽ ഡൈനിങ് അനുവദിക്കണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് മൊയ്‌തീൻകുട്ടിഹാജിയും, ജനറൽ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ