കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ഇന്ന് വിനായക ചതുർഥി ആഘോഷം

 


വിനായക ചതുർഥി ഘോഷയാത്രകൾ ഇത്തവണയും കോവിഡ് പ്രതിരോധ മാനദണ്ഡം പാലിച്ചുമാത്രം. കളിമണ്ണിൽ തീർത്ത മഹാഗണപതി വിഗ്രഹങ്ങൾ എഴുന്നള്ളിച്ചു നൂറു കണക്കിനു ഭക്തർ ഗണേശ സ്തുതിയും ആർപ്പു വിളികളുമായി  നീങ്ങുന്ന ഘോഷയാത്രകൾ രണ്ടാം വർഷവും ഇല്ല. ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുർഥി ദിവസമാണു വിനായക ചതുർഥി. ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാന കർമങ്ങളോടെ പ്രതിഷ്ഠിക്കുകയും പൂജ നടത്തുകയും ചെയ്യുന്നു.


മോദകം എന്ന പലഹാരം തയാറാക്കി ഗണപതിക്കു സമർപ്പിക്കുന്നു. രാവിലെ ഗണപതി വിഗ്രഹം ക്ഷേത്ര അങ്കണത്തിൽ വച്ചു പൂജ ചെയ്തു അന്നോ ഒൻപത് ദിവസത്തിനകമോ ഘോഷയാത്രയായി കൊണ്ടു പോയി ജലാശയങ്ങളിൽ നിമജ്ജനം ചെയ്യുകയാണ് പതിവ്. എന്നാൽ ഇക്കുറിയും ഘോഷയാത്രയോ ജനങ്ങൾ കൂട്ടം കൂടുന്ന നിലയിലുള്ള ആഘോഷങ്ങളോ നടത്തരുതെന്നാണ് സർക്കാർ നിർദേശം.


നിയന്ത്രണങ്ങൾ പാലിച്ചു ക്ഷേത്രങ്ങളിൽ ഗണപതി ഹോമം ഉൾപ്പെടെ നടത്തി ചടങ്ങുകളിൽ ഒതുക്കിയാണു ജില്ലയിൽ ഇന്ന് വിനായക ചതുർഥി ആഘോഷം. സകല വിഘ്നങ്ങളും നീക്കുന്ന വിഘ്നേശ്വരനായ മഹാഗണപതിയുടെ ജന്മദിനമാണ് ഇത്. ഈ ദിവസം ചന്ദ്രനെ കണ്ടാൽ അപവാദം കേൾക്കുമെന്ന വിശ്വാസമുണ്ട്. കാസർകോട് മല്ലികാർജുന ക്ഷേത്രത്തിൽ സാർവജനിക ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ വിനായക ചതുർഥി ആഘോഷ ചടങ്ങുകൾ 2 ദിവസമായി ചുരുക്കി.


നെല്ലിക്കുന്നിലെ ലക്ഷ്മീശ ആചാര്യ പണി തീർത്ത ഗണേശ വിഗ്രഹം  പുലിക്കുന്ന് ജഗദംബ ക്ഷേത്രത്തിൽ നിന്ന് ഇന്നുരാവിലെ ഗണപതി ഹോമത്തിനു ശേഷം സർവാലങ്കാരങ്ങളോടെ വാഹനത്തിൽ പത്തംഗ ഗണേശോത്സവ സംഘം മല്ലികാർജ്ജുന ക്ഷേത്രത്തിലേക്കു കൊണ്ടു പോകും. ഇവിടെ പൂജാകർമങ്ങളോടെ പ്രതിഷ്ഠിച്ച ശേഷം ഗണേശോത്സവത്തിനു ധ്വജാരോഹണം നടത്തും. വിശേഷാൽ പൂജ, ഭജന, രംഗ പൂജ തുടങ്ങിയവ നടക്കും.


നാളെ വിവിധ ചടങ്ങുകൾക്കു ശേഷം വൈകിട്ടു വാഹനത്തിൽ സാ‍ർവജനിക ഗണേശോത്സവ സമിതി നേതൃത്വത്തിൽ വിഗ്രഹം എഴുന്നള്ളിച്ചു കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള വരദരാജ വെങ്കിടരമണ ക്ഷേത്ര കുളത്തിൽ നിമജ്ജനം ചെയ്യുന്നതോടെ ആഘോഷം സമാപിക്കും. 28 വർഷമായി വിഗ്രഹങ്ങൾ നിർമിക്കുന്ന നെല്ലിക്കുന്ന് ലക്ഷ്മീശ ആചാര്യ വിനായക ചതുർഥി ആഘോഷത്തിനു വേണ്ടി ഇത്തവണ ഇരുപതിലേറെ വിഗ്രഹമാണ് ഒരുക്കിയത്.


അനന്തപുരം അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം നടക്കും. സീതാംഗോളി, പെർണ, സൂരംബയൽ എന്നിവിടങ്ങളിൽ നിന്നു  ഗണേശോത്സവ സമിതി നേതൃത്വത്തിൽ ക്ഷേത്രത്തിലേക്കുള്ള ഗണപതി നിമജ്ജന ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്. മധൂർ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തിൽ വിനായക ചതുർഥി പ്രമാണിച്ചു കൂടുതൽ പേർ ദർശനത്തിനെത്തുമെങ്കിലും പതിവു പൂജകൾ മാത്രമാണ് നടക്കുക. ചില വിഭാഗങ്ങളുടെ വീടുകളിൽ ഗണപതി പൂജകൾ നടക്കും.



അഭിപ്രായങ്ങള്‍