കയ്യൂർ-ചീമേനി പഞ്ചായത്തിലെ ചീമേനിയില്‍ ബസ്റ്റാന്റ് കം കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കുന്നതിന് ഒരു ഹെക്ടര്‍ സ്ഥലം അനുവദിക്കാന്‍ മന്തിസഭായോഗം തീരുമാനിച്ചു.
പ്ലാന്റേഷന്‍ കോർപ്പറേഷന്റെ കൈവശമുള്ള പ്ലാന്റിംഗ് ആവശ്യത്തിന് ഉപയോഗിക്കാത്ത ഭൂമി പാട്ടം റദ്ദാക്കി തിരിച്ചെടുത്ത് ആർ ഒന്നിന് നൂറ് രൂപ എന്ന സൗജന്യനിരക്കില്‍ വാർഷികപാട്ടത്തിന് 30 വർഷത്തേക്ക് നിബന്ധനകളോടെയാണ് അനുമതി നൽകിയിട്ടുള്ളത്.
ശ്രീ കെ കുഞ്ഞിരാമൻ തൃക്കരിപ്പൂർ എംഎൽഎ ആയിരിക്കെ നിവേദനം നൽകുകയും ഫയൽ ജില്ലാ കലക്ടറില്‍ നിന്നും റിപ്പോർട്ട് തേടി റവന്യൂ കമ്മീഷണർ മുഖേന സർക്കാറിലേക്ക് സമർപ്പിക്കുകയും അന്നത്തെ റവന്യൂ മന്ത്രി ശ്രീ കെ പി രാജേന്ദ്രൻ ഭൂമി പതിച്ചു നൽകാൻ നിലവിലെ സാഹചര്യം അനുവദിക്കുന്നില്ലെന്നും, ഭൂമി പാട്ടവ്യവസ്ഥയിൽ അനുവദിക്കണമെന്നും പാട്ടഫീസ് 25 ലക്ഷം രൂപ അടക്കാൻ വകുപ്പധികൃതർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
ഇത്രയും തുക അടക്കാന്‍ കയ്യൂർ-ചീമേനി പഞ്ചായത്തിന് സാധിക്കാതെവന്നതിനാൽ ഫയൽ തടസ്സപ്പെടുകയാണ് ഉണ്ടായത്.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റെടത്തത്തോടെ ഞാൻ റവന്യൂ മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ഭൂമി പ്ലാന്റേഷന് റവന്യൂവകുപ്പിൽ നിന്ന് ലീസ് അനുവദിച്ച് അവർ ഉപയോഗിച്ചു വരുന്നതാണെന്നും, ഈ ഭൂമിയിൽ നിന്ന് ലീസായി പഞ്ചായത്തിന് ലഭിക്കാൻ കൃഷിവകുപ്പ്മന്ത്രി, പ്ലാന്റേഷന്‍ അധികൃതർ, റവന്യൂവകുപ്പ് എന്നിവരുടെ സമ്മതം ആവശ്യമാണെന്നും അറിയിച്ചു.
ഈ പ്രശ്നം പരിഹരിക്കുന്നതിന് മുൻ റവന്യൂ മന്ത്രി ശ്രീ ഇ.ചന്ദ്രശേഖരന് ഞാൻ നൽകിയ കത്തിനെ തുടർന്ന് റവന്യൂവകുപ്പ്മന്ത്രി, കൃഷിവകുപ്പ് മന്ത്രി, എം.എൽ.എ, റവന്യൂ സെക്രട്ടറി ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥർ, കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡണ്ട്, പ്ലാന്റേഷന്‍ കോർപ്പറേഷൻ എംഡി, മാനേജർ എന്നിവരുടെ സംയുക്ത യോഗം മന്ത്രിയുടെ ചേംബറിൽ ചേർന്ന് രണ്ടര ഏക്കർ ഭൂമി ലീസായി അനുവദിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
തുടർന്ന് ഫയൽ ജില്ലാകലക്ടറുടെ ശുപാർശ സഹിതം സർക്കാറിലേക്ക് വന്നെങ്കിലും റവന്യൂ സെക്രട്ടറി ധനകാര്യ വകുപ്പിന്റെ അനുമതിക്കായി അയക്കുകയും ചെയ്തു. എന്നാൽ പ്ലാന്റേഷൻ കോർപ്പറേഷൻ വർഷങ്ങളായി ലീസ് തുക അടക്കാത്തതിനാൽ ആറ് കോടിയോളം രൂപ അടക്കേണ്ടതുണ്ട് എന്നും, കൂടാതെ 720 ഏക്കർ ഭൂമി മാത്രം ലീസിനുള്ള പ്ലാന്റേഷന്‍ ആയിരക്കണക്കിന് ഏക്കർ ഭൂമി അധികമായി കൈവശം വെച്ചിട്ടുണ്ടെന്നും ആ ഭൂമി തിരികെ പിടിക്കണമെന്നും ലീസ് തുക പ്ലാന്റേഷൻ അധികൃതരില്‍ നിന്നും ഈടാക്കണമെന്നും നിർദേശിച്ചു.
ഈ തീരുമാനം നടപ്പിലാക്കാൻ വർഷങ്ങൾ ഇനിയും വേണ്ടി വരുമെന്ന് ബോധ്യപ്പെട്ടതിനാൽ ബഹു.മുഖ്യമന്ത്രിയുടെയും ധനകാര്യ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ട് വരികയും ലീസ് തുക പിന്നീട് ഈടാക്കാനും ഭൂമി അടിയന്തരമായി പഞ്ചായത്തിന് ലീസായി അനുവദിക്കാനും തീരുമാനിച്ചു. പഞ്ചായത്ത്-നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം, കോവിഡ് പ്രതിസന്ധി തുടങ്ങിയവയാലും തീരുമാനം നടപ്പിലാക്കി ഉത്തരവാകാൻ കഴിയാതെ വന്നു.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്ത ഉടനെ ഞാൻ ആവശ്യപ്പെട്ടത് പ്രകാരം ഇപ്പോഴത്തെ റവന്യൂ മന്ത്രി ശ്രീ കെ രാജൻ ജില്ലയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ എംഎൽഎയുടെ സാന്നിദ്ധ്യത്തില്‍ യോഗം വിളിച്ചുചേർത്ത് രണ്ടാഴ്ചകളിൽ ലീസ് അനുവദിക്കാൻ നിർദ്ദേശിക്കുകയും റവന്യൂ സെക്രട്ടറി ഫയൽ മുഖ്യമന്ത്രിക്ക് ക്യാബിനെറ്റില്‍ വെക്കാനുള്ള അനുമതിക്കായി അയക്കുകയും മുഖ്യമന്ത്രി അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി മുഖേന ക്യാബിനിലേക്ക് നോട്ട് നല്‍കുകയും ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ബസ്റ്റാന്റ് നിർമ്മിക്കുന്നതിന് അനുമതി തീരുമാനിക്കുകയും ചെയ്തു.
കയ്യൂർ ചീമേനി പഞ്ചായത്തിലെ ജനങ്ങളുടെ ദീർഘ കാലത്തെ സ്വപ്നമാണ് ഇതോടെ പ്രാവർത്തികമാകാൻ പോകുന്നത്.
ബസ്റ്റാന്റ് നിർമ്മിക്കാന്‍ MLA ആസ്തിവികസന ഫണ്ടില്‍ നിന്ന് 99 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതിനാല്‍ ബസ്റ്റാന്റ് എന്ന സ്വപ്നം വേഗത്തില്‍ തന്നെ പ്രാവർത്തികമാകും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ